Tuesday, February 14, 2012

ബിസിനസിലേക്കിറങ്ങും മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍



1. നിങ്ങളൊരു ശുഭാപ്തിവിശ്വാസിയാണോ? പ്രായോഗികബുദ്ധി, ആത്മവിശ്വാസി, അശുഭാപ്തി വിശ്വാസി, യാഥാര്‍ത്ഥ്യബോധമുള്ളയാള്‍... ആരാണ് നിങ്ങള്‍? നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിവുണ്ടോ? ആവശ്യമുള്ളപ്പോള്‍ സ്വയം തിരുത്താന്‍ നിങ്ങള്‍ സന്നദ്ധനാണോ?
നിങ്ങളിലെ ആത്മവിശ്വാസി നിങ്ങള്‍ക്ക് തുടക്കം നല്‍കും. നിങ്ങളിലെ അശുഭാപ്തിവിശ്വാസിയാകട്ടെ മോശം സമയം വരുമെന്നോര്‍ത്ത് തയാറെടുപ്പുകള്‍ക്ക് പ്രേരിപ്പിക്കും. ആവശ്യമുള്ളപ്പോള്‍ സ്വയം തിരുത്താന്‍ നിങ്ങള്‍ സന്നദ്ധനാണോ? നിങ്ങളിലെ യാഥാര്‍ത്ഥ്യ ബോധമുള്ളയാള്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പ്രായോഗിക ബുദ്ധി പകരും, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന കാഴ്ചപ്പാട് തരും.

2. മറ്റുള്ളവരുടെ മേല്‍നോട്ടമില്ലാതെ സ്വന്തമായി ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ?
ഒരു ബിസിനസുകാരന്‍ മറ്റുള്ളവരുടെ മേല്‍നോട്ടത്തിലല്ലാതെ ജോലി ചെയ്യണം. കൂടുതല്‍ ചെയ്യാനായി സ്വയം സമ്മര്‍ദം നല്‍കാനാവും വിധം അച്ചടക്കബോധമുള്ളയാളാകണം.

3. നഷ്ടസാധ്യതകളും ത്യാഗങ്ങളും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയാറാണോ?
അറിയപ്പെടാത്തവയിലേക്ക് കാലെടുത്തുകുത്തുന്നതിനെയാണ് റിസ്‌ക് എടുക്കല്‍ എന്നു പറയുന്നത്. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്ക് പുറത്തുള്ള ഒരു കളിയാണത്. ബിസിനസ് ചെയ്യുന്നവര്‍ അവരവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങളും ചെയ്യാന്‍ ബാധ്യസ്ഥരാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എല്ലാത്തരം അല്‍ഭുതങ്ങള്‍ക്കും തയാറായിരിക്കണം. വിശേഷിച്ചും സുഖകരമല്ലാത്ത അല്‍ഭുതങ്ങള്‍ക്ക്്. എല്ലാ ബിസിനസുകളും തുടങ്ങും മുമ്പ് ആവേശകരമായി കാണപ്പെടും. എന്നാല്‍ വിപണയിലെ യാഥാര്‍ത്ഥ്യങ്ങളോട് മുട്ടിത്തുടങ്ങുമ്പോള്‍ സന്തോഷകരമല്ലാത്ത പല സംഭവങ്ങളും ഉണ്ടാകും. ആവശ്യമുള്ളത് നേടും വരെ സുസ്ഥിരസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് കഴിയണം.

4. നിങ്ങള്‍ പരാജയപ്പെടാന്‍ ഒരുക്കമാണോ?
എല്ലാ ബിസിനസ് വിജയങ്ങളുടേയും ഒരു ഭാഗമാണ് പരാജയം. പരാജയങ്ങളുടെ ഒരു നിരകള്‍ക്കിടയിലൂടെയാണ് നിങ്ങളുടെ ബിസിനസ് വിജയിക്കാന്‍ പോകുന്നതെന്നാണ് വിരോധാഭാസം. പരാജയങ്ങള്‍ വിപണി നമുക്ക് തരുന്ന മറുപടികളും പ്രതികരണവുമാണ്. അവയുടെ അര്‍ത്ഥം ചില കാര്യങ്ങള്‍ നടക്കുമെന്നും മറ്റു ചില കാര്യങ്ങള്‍ നടക്കില്ലെന്നുമാണ്.

5. നിങ്ങള്‍ക്ക് മതിയായ ആത്മവിശ്വാസമുണ്ടോ?

അവനവനിലുള്ള വിശ്വാസമാണ് പരമപ്രധാനം. നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ നിങ്ങളില്‍ നിന്ന് വാങ്ങുകയില്ല, നിങ്ങളുടെ ബിസിനസ് പങ്കാളികള്‍ നിങ്ങളോട് സഹകരിക്കില്ല, നിങ്ങളുടെ ജോലിക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കുകയില്ല. എപ്പോഴും നിങ്ങള്‍ കേന്ദ്രീകൃതമായ ശ്രദ്ധയുള്ള ആളായിരിക്കണം. വിശേഷിച്ചും വിഷമം പിടിച്ച സമയങ്ങളില്‍. 

6. മതിയായ ഫോക്കസ് നിങ്ങള്‍ക്കുണ്ടോ
തുടര്‍ച്ചയായ ഫോക്കസാണ് ഏത് ബിസിനസും ആവശ്യപ്പെടുന്നത്. കൂടുതല്‍ മൂല്യവര്‍ധനയില്‍ ഊന്നുന്നയാള്‍ കൂടുതല്‍ നേടും. ഓരോ ദിവസവും നിങ്ങളില്‍ നിന്നു തന്നെ കൂടുതല്‍ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ വളര്‍ച്ച.

7.സുഭിക്ഷതയ്ക്കു ശേഷമുള്ള ക്ഷാമകാലം നിങ്ങള്‍ക്ക് അതിജീവിക്കാനാവുമോ?
കഠിനകാലമാണ് മനുഷ്യന്റെ പരീക്ഷണഘട്ടം. വിജയകരമായി ബിസിനസ് തുടരണമെങ്കില്‍ മോശസമയങ്ങളെയും കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. വിഷമം പിടിച്ച കാലഘട്ടങ്ങളില്‍ പ്രതികരണത്തിനല്ല കര്‍മോല്‍സുകതയ്ക്കാണ് നിങ്ങള്‍ മുതിരേണ്ടത്. മോശം സമയത്തിന് എപ്പോഴും തയാറായിരിക്കുക, ഫണ്ട് മാറ്റിവെക്കുക, മാറ്റങ്ങള്‍ക്കും സീസണുകള്‍ക്കും കാതോര്‍ക്കുക. ബിസിനസിന് റെഡിയായിരിക്കുക എന്നാലര്‍ത്ഥം ഭാവിയ്ക്കുവേണ്ടി റെഡിയായിരിക്കുക എന്നു കൂടിയാണ്. 

8. ദീര്‍ഘദൂരം താണ്ടാന്‍ നിങ്ങള്‍ക്കാവുമോ?
ബിസിനസില്‍ ഫിനിഷിംഗ് ലൈന്‍ എന്നൊന്നില്ല. ഇത് ദീര്‍ഘദൂരഓട്ടമാണ്. മാരത്തോണ്‍. ചുവരിനപ്പുറത്തേക്ക് മൂന്നേറാനുള്ള സ്റ്റാമിനയും ശേഷിയും അത്യന്താപേക്ഷിതം. മതിലുകളും മാര്‍ഗതടസങ്ങളും നിങ്ങളെ പിടിച്ചുനിര്‍ത്താന്‍ പാടില്ല.

9. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിദഗ്ധനാണോ?
മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിങ്ങള്‍ ബിസിനസ് ചെയ്യുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ധന നല്‍കുന്നു.

10. പുതിയതായി എന്തെങ്കിലും പഠിക്കാന്‍ നിങ്ങള്‍ സന്നദ്ധനാണോ?
എപ്പോഴും പഠിച്ചുകൊണ്ടിരിക്കാനും ആവശ്യമുള്ളപ്പോള്‍ ഗതി മാറ്റാനും നിങ്ങള്‍ സന്നദ്ധനായിരിക്കണം. മാറാനുള്ള സന്നദ്ധത കൂടു ന്തോറും എത്താന്‍ സാധ്യതയുള്ള ഉയരങ്ങളും കൂടും. അവനവന്റെ ബോസാകുന്നതാണ് നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വിഷമം പിടിച്ച കാര്യം. ശ്രമിച്ചു നോക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനോ ഭയപ്പെടുത്താനോ അല്ല ഞാനിത് പറയുന്നത്. അതൊരു ലളിത സത്യമാണ്. ജോലി ചെയ്യുന്നതില്‍ നിന്ന് വിരമിക്കലല്ല ബിസിനസ് ചെയ്യല്‍. ബിസിനസ് ചെയ്യുമ്പോള്‍ നിങ്ങള്‍ ജോലി ചെയ്യുകയാണ്. മേലുദ്യോഗസ്ഥനെ ഒഴിവാക്കലല്ല അത്. പുതിയൊരു അദൃശ്യനായ മേലുദ്യോഗസ്ഥനെ - നിങ്ങളെത്തന്നെ - അനുസരിച്ച് തുടങ്ങലാണ്. അവനവന്റെ ബോസായിരിക്കുമ്പോള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം കൂടുതല്‍ ഉത്തരവാദിത്തങ്ങളും ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് നിങ്ങള്‍ മാത്രം ഉത്തരവാദിയായിത്തീരും. 

കടപ്പാട്
http://www.dhanammagazine.com/php/currentIssueDetails.php?id=1877&edition=179

No comments:

Post a Comment