Tuesday, February 14, 2012

ബിസിനസിലേക്കിറങ്ങും മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍



1. നിങ്ങളൊരു ശുഭാപ്തിവിശ്വാസിയാണോ? പ്രായോഗികബുദ്ധി, ആത്മവിശ്വാസി, അശുഭാപ്തി വിശ്വാസി, യാഥാര്‍ത്ഥ്യബോധമുള്ളയാള്‍... ആരാണ് നിങ്ങള്‍? നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിവുണ്ടോ? ആവശ്യമുള്ളപ്പോള്‍ സ്വയം തിരുത്താന്‍ നിങ്ങള്‍ സന്നദ്ധനാണോ?
നിങ്ങളിലെ ആത്മവിശ്വാസി നിങ്ങള്‍ക്ക് തുടക്കം നല്‍കും. നിങ്ങളിലെ അശുഭാപ്തിവിശ്വാസിയാകട്ടെ മോശം സമയം വരുമെന്നോര്‍ത്ത് തയാറെടുപ്പുകള്‍ക്ക് പ്രേരിപ്പിക്കും. ആവശ്യമുള്ളപ്പോള്‍ സ്വയം തിരുത്താന്‍ നിങ്ങള്‍ സന്നദ്ധനാണോ? നിങ്ങളിലെ യാഥാര്‍ത്ഥ്യ ബോധമുള്ളയാള്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പ്രായോഗിക ബുദ്ധി പകരും, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന കാഴ്ചപ്പാട് തരും.

2. മറ്റുള്ളവരുടെ മേല്‍നോട്ടമില്ലാതെ സ്വന്തമായി ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ?
ഒരു ബിസിനസുകാരന്‍ മറ്റുള്ളവരുടെ മേല്‍നോട്ടത്തിലല്ലാതെ ജോലി ചെയ്യണം. കൂടുതല്‍ ചെയ്യാനായി സ്വയം സമ്മര്‍ദം നല്‍കാനാവും വിധം അച്ചടക്കബോധമുള്ളയാളാകണം.

3. നഷ്ടസാധ്യതകളും ത്യാഗങ്ങളും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയാറാണോ?
അറിയപ്പെടാത്തവയിലേക്ക് കാലെടുത്തുകുത്തുന്നതിനെയാണ് റിസ്‌ക് എടുക്കല്‍ എന്നു പറയുന്നത്. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്ക് പുറത്തുള്ള ഒരു കളിയാണത്. ബിസിനസ് ചെയ്യുന്നവര്‍ അവരവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങളും ചെയ്യാന്‍ ബാധ്യസ്ഥരാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എല്ലാത്തരം അല്‍ഭുതങ്ങള്‍ക്കും തയാറായിരിക്കണം. വിശേഷിച്ചും സുഖകരമല്ലാത്ത അല്‍ഭുതങ്ങള്‍ക്ക്്. എല്ലാ ബിസിനസുകളും തുടങ്ങും മുമ്പ് ആവേശകരമായി കാണപ്പെടും. എന്നാല്‍ വിപണയിലെ യാഥാര്‍ത്ഥ്യങ്ങളോട് മുട്ടിത്തുടങ്ങുമ്പോള്‍ സന്തോഷകരമല്ലാത്ത പല സംഭവങ്ങളും ഉണ്ടാകും. ആവശ്യമുള്ളത് നേടും വരെ സുസ്ഥിരസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് കഴിയണം.

4. നിങ്ങള്‍ പരാജയപ്പെടാന്‍ ഒരുക്കമാണോ?
എല്ലാ ബിസിനസ് വിജയങ്ങളുടേയും ഒരു ഭാഗമാണ് പരാജയം. പരാജയങ്ങളുടെ ഒരു നിരകള്‍ക്കിടയിലൂടെയാണ് നിങ്ങളുടെ ബിസിനസ് വിജയിക്കാന്‍ പോകുന്നതെന്നാണ് വിരോധാഭാസം. പരാജയങ്ങള്‍ വിപണി നമുക്ക് തരുന്ന മറുപടികളും പ്രതികരണവുമാണ്. അവയുടെ അര്‍ത്ഥം ചില കാര്യങ്ങള്‍ നടക്കുമെന്നും മറ്റു ചില കാര്യങ്ങള്‍ നടക്കില്ലെന്നുമാണ്.

5. നിങ്ങള്‍ക്ക് മതിയായ ആത്മവിശ്വാസമുണ്ടോ?

അവനവനിലുള്ള വിശ്വാസമാണ് പരമപ്രധാനം. നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ നിങ്ങളില്‍ നിന്ന് വാങ്ങുകയില്ല, നിങ്ങളുടെ ബിസിനസ് പങ്കാളികള്‍ നിങ്ങളോട് സഹകരിക്കില്ല, നിങ്ങളുടെ ജോലിക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കുകയില്ല. എപ്പോഴും നിങ്ങള്‍ കേന്ദ്രീകൃതമായ ശ്രദ്ധയുള്ള ആളായിരിക്കണം. വിശേഷിച്ചും വിഷമം പിടിച്ച സമയങ്ങളില്‍. 

6. മതിയായ ഫോക്കസ് നിങ്ങള്‍ക്കുണ്ടോ
തുടര്‍ച്ചയായ ഫോക്കസാണ് ഏത് ബിസിനസും ആവശ്യപ്പെടുന്നത്. കൂടുതല്‍ മൂല്യവര്‍ധനയില്‍ ഊന്നുന്നയാള്‍ കൂടുതല്‍ നേടും. ഓരോ ദിവസവും നിങ്ങളില്‍ നിന്നു തന്നെ കൂടുതല്‍ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ വളര്‍ച്ച.

7.സുഭിക്ഷതയ്ക്കു ശേഷമുള്ള ക്ഷാമകാലം നിങ്ങള്‍ക്ക് അതിജീവിക്കാനാവുമോ?
കഠിനകാലമാണ് മനുഷ്യന്റെ പരീക്ഷണഘട്ടം. വിജയകരമായി ബിസിനസ് തുടരണമെങ്കില്‍ മോശസമയങ്ങളെയും കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. വിഷമം പിടിച്ച കാലഘട്ടങ്ങളില്‍ പ്രതികരണത്തിനല്ല കര്‍മോല്‍സുകതയ്ക്കാണ് നിങ്ങള്‍ മുതിരേണ്ടത്. മോശം സമയത്തിന് എപ്പോഴും തയാറായിരിക്കുക, ഫണ്ട് മാറ്റിവെക്കുക, മാറ്റങ്ങള്‍ക്കും സീസണുകള്‍ക്കും കാതോര്‍ക്കുക. ബിസിനസിന് റെഡിയായിരിക്കുക എന്നാലര്‍ത്ഥം ഭാവിയ്ക്കുവേണ്ടി റെഡിയായിരിക്കുക എന്നു കൂടിയാണ്. 

8. ദീര്‍ഘദൂരം താണ്ടാന്‍ നിങ്ങള്‍ക്കാവുമോ?
ബിസിനസില്‍ ഫിനിഷിംഗ് ലൈന്‍ എന്നൊന്നില്ല. ഇത് ദീര്‍ഘദൂരഓട്ടമാണ്. മാരത്തോണ്‍. ചുവരിനപ്പുറത്തേക്ക് മൂന്നേറാനുള്ള സ്റ്റാമിനയും ശേഷിയും അത്യന്താപേക്ഷിതം. മതിലുകളും മാര്‍ഗതടസങ്ങളും നിങ്ങളെ പിടിച്ചുനിര്‍ത്താന്‍ പാടില്ല.

9. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിദഗ്ധനാണോ?
മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിങ്ങള്‍ ബിസിനസ് ചെയ്യുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ധന നല്‍കുന്നു.

10. പുതിയതായി എന്തെങ്കിലും പഠിക്കാന്‍ നിങ്ങള്‍ സന്നദ്ധനാണോ?
എപ്പോഴും പഠിച്ചുകൊണ്ടിരിക്കാനും ആവശ്യമുള്ളപ്പോള്‍ ഗതി മാറ്റാനും നിങ്ങള്‍ സന്നദ്ധനായിരിക്കണം. മാറാനുള്ള സന്നദ്ധത കൂടു ന്തോറും എത്താന്‍ സാധ്യതയുള്ള ഉയരങ്ങളും കൂടും. അവനവന്റെ ബോസാകുന്നതാണ് നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വിഷമം പിടിച്ച കാര്യം. ശ്രമിച്ചു നോക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനോ ഭയപ്പെടുത്താനോ അല്ല ഞാനിത് പറയുന്നത്. അതൊരു ലളിത സത്യമാണ്. ജോലി ചെയ്യുന്നതില്‍ നിന്ന് വിരമിക്കലല്ല ബിസിനസ് ചെയ്യല്‍. ബിസിനസ് ചെയ്യുമ്പോള്‍ നിങ്ങള്‍ ജോലി ചെയ്യുകയാണ്. മേലുദ്യോഗസ്ഥനെ ഒഴിവാക്കലല്ല അത്. പുതിയൊരു അദൃശ്യനായ മേലുദ്യോഗസ്ഥനെ - നിങ്ങളെത്തന്നെ - അനുസരിച്ച് തുടങ്ങലാണ്. അവനവന്റെ ബോസായിരിക്കുമ്പോള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം കൂടുതല്‍ ഉത്തരവാദിത്തങ്ങളും ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് നിങ്ങള്‍ മാത്രം ഉത്തരവാദിയായിത്തീരും. 

കടപ്പാട്
http://www.dhanammagazine.com/php/currentIssueDetails.php?id=1877&edition=179

Sunday, February 12, 2012

12-02

ഈ തീയ്യതി ലോകം ഓർക്കണം, കാരണം സൈനിക സേവനത്തിനായി നിയോഗിക്കപ്പെട്ട കുട്ടികളെ ഓർക്കുന്നതിനും, അവരുടെ മോചനത്തിനും, പുനരധിവാസത്തിനുമുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതിനായി UN ഫെബ്രുവരി 12 ചുവന്ന കൈ ദിനമായി (Red Hand Day) ആചരിക്കുന്നു.

ഈ ദിനം ഞങ്ങൾ ഒരിക്കലും സ്മരിച്ചിട്ടില്ല, നമ്മുടെ നാട്ടിൽ സൈനിക സേവനത്തിനായി കുട്ടികളെ ഉപയോഗിക്കുന്നില്ല എന്നതുകൊണ്ടാകാം. ഈ വർഷം ഞങ്ങളും ഈ ദിനത്തെ സ്മരിക്കുന്നു, കാരണം കുട്ടികൾ മാനവരാശിയുടെ പൊതുസമ്പത്താണെന്ന തിരിച്ചറിവു കൊണ്ട്.

വിഷൻ ഇന്ത്യ - കാസർഗോഡ്, വിന്നേസ്സ് ബേഡഡുക്ക ക്ലബ്, കമ്മ്യൂണിയൻ കോർപ്പ് എന്നിവയുടെ സംയുകതാഭിഖ്യത്തിൽ നടന്ന ചടങ്ങിൽ വിഷൻ ഇന്ത്യ - കാസർഗോഡ് ജില്ലയിലെ ക്ലബുകളുടെ പ്രതിനിഥികൾ ചുവന്ന ചായം മുക്കിയ കൈകൾ Red Hand Day യുടെ കൈയൊപ്പായി പതിച്ചു. ചടങ്ങിൽ ശ്രീ ഹരീഷ് പേര്യ Red Hand Day യുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

Saturday, February 11, 2012

സംരംഭകരേ ഉണരൂ, കഴിവു തെളിയിക്കൂ


പോള്‍ റോബിന്‍സണ്‍

കാണുമ്പോഴെല്ലാം ആളുകള്‍ പറയുന്നത് 'സ്വന്തമായൊരു ബിസിനസ് തുടങ്ങണം, സ്വന്തമായി എന്തെങ്കിലും ചെയ്യണം' എന്നൊക്കെയാണ്. എന്നാല്‍ അടുത്ത തവണ കാണുമ്പോഴുംഅവര്‍ അതാവര്‍ത്തിക്കുന്നതേയുള്ളു - ഒന്നും ചെയ്തു തുടങ്ങിയിട്ടുണ്ടാവില്ല. അവര്‍ക്കെല്ലാം അവരുടെ ഐഡിയകളെ പറ്റി വലിയ മതിപ്പാണുള്ളത്. ദോഷം പറയരുതല്ലോ, ചിലരുടെ ഐഡിയകള്‍ മഹത്തായ ഐഡിയകളാണുതാനും. പക്ഷേ അവ നടപ്പിലാക്കുന്നതിനെപ്പറ്റി ചോദിക്കുമ്പോള്‍ ഒരുപിടി ഒഴിവുകഴിവുകളാണ് കേള്‍ക്കുന്നത്. സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നത് ഒരു സുപ്രധാന തീരുമാനം തന്നെ. ഏറ്റവും ഊര്‍ജസ്വലരായ വ്യക്തികള്‍ പോലും രണ്ടാമതൊന്ന് ആലോചിക്കുന്ന സന്ദര്‍ഭം. പക്ഷേ പലപ്പോഴും ഇത്തരം ശ്രദ്ധാപൂര്‍വമുള്ള ആലോചനകള്‍ കലാശിക്കുന്നത് ശാശ്വതമായ നീട്ടിവെക്കലുകളിലാണ്.

ലോകം മുഴുവന്‍ രണ്ടു തരം മനുഷ്യരാണുള്ളത് - കര്‍മികളും വാഗ്മികളും. അതായത് ചെയ്യുന്നവരും സംസാരിക്കുന്നവരും. വാഗ്മികള്‍ ഒഴിവുകഴിവുകള്‍ പറയും. ഒരു പുതുസംരംഭം തുടങ്ങുകയെന്നത് നഷ്ടസാധ്യതയുള്ള സംഗതി തന്നെ. എന്നാലും ഭയമാകരുത് ആ തീരുമാനത്തിന്റെ ഉറവിടം. വിജയത്തിലേക്കുള്ള വഴിയിലെ പ്രധാന തടസം പരാജയപ്പെടുമെന്ന ഭീതി തന്നെ. ഈ ഭയം നാമാരും അംഗീകരിക്കാറില്ലെങ്കിലും നമ്മുടെ അസംഖ്യം ഒഴിവുകഴിവുകളിലും ന്യായീകരണങ്ങളിലും ഈ ഭയം പ്രതിഫലിക്കുന്നു.

ഇതാ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഏതാനും 'എക്‌സ്‌ക്യൂസുകള്‍'

1) എന്റെ കയ്യില്‍ ആവശ്യത്തിന് പണമില്ല: അത് സത്യത്തില്‍ നല്ല കാര്യമാണ്. നിങ്ങളാണ് ഭാഗ്യവാന്‍. തുടക്കത്തില്‍ കുറേ കാശുള്ളൊരാളായിരുന്നെങ്കില്‍ മിക്കവാറും പല സ്റ്റാര്‍ട്ടപ് കമ്പനികളേയും പോലെ നിങ്ങളും കുറേയേറെ പണം കാറ്റില്‍ പറത്തിയേനെ. ആദ്യമായി ബിസിനസ് തുടങ്ങുന്ന ലക്ഷാധിപതികള്‍ എക്കാലത്തും തുടങ്ങുകയും പരാജയപ്പെടുകയുമാണ് പതിവ്. കയ്യിലൊന്നുമില്ലാത്തവരാണ് എക്കാലത്തും എന്തെങ്കിലും സ്വന്തമായി ചെയ്ത് വിജയിപ്പിക്കാറുള്ളത്. ചെറിയ തുകകള്‍ കൊണ്ട് ആരംഭിച്ച കഥകളാണ് മിക്കവാറും എല്ലാ വിജയികള്‍ക്കും പറയാനുണ്ടാവുക. ബിസിനസിന്റെ ചരിത്രം നോക്കിയാലറിയാം, മൂലധനത്തിനു പകരം പലരും കഠിനാധ്വാനമാണ് ആദ്യം ബിസിനസിലിറക്കിയത്.
എവിടെയാണോ അവിടെവെച്ച്, എന്തുണ്ടോ അതുവെച്ച് ആരംഭിക്കുക. ഓഫീസില്ലെങ്കില്‍ വീട്ടില്‍ നിന്ന് തുടങ്ങുക. ചെറുതായെങ്കില്‍ ചെറുതായി ആരംഭം കുറിക്കുക. നീങ്ങിക്കിട്ടാന്‍ സമയമെടുത്തേക്കാം. എന്തിന് ധൃതി പിടിക്കണം? ഒരിക്കലും തുടങ്ങാത്തതിനേക്കാള്‍ ഭേദമല്ലേ മെല്ലെപ്പോക്ക്? ഒട്ടും മുതല്‍മുടക്കില്ലാതെ ആരംഭിക്കാവുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. ചെറുതായി തുടങ്ങി, ചെറുത് മാനേജ് ചെയ്ത് തുടങ്ങുക. മിടുക്കായെന്നു തോന്നിയാല്‍ വലുത് മാനേജ് ചെയ്യാന്‍ തുടങ്ങാം. 10,000 രൂപ കൊണ്ടായിരുന്നു ഇന്‍ഫോസിസിന്റെ തുടക്കം. കയ്യില്‍ പണമില്ലാത്തത്് വന്‍തോതില്‍ എന്തെങ്കിലും ആരംഭിക്കുന്നതിന് തടസമായേക്കാം. അത് പക്ഷേ ഒന്നുമേ ആരംഭിക്കുന്നില്ല എന്ന അവസ്ഥയില്‍ തുടരാന്‍ കാരണമാകേണ്ടതില്ല. സ്വന്തമായൊരു ബിസിനസ് ആരംഭിക്കാന്‍ ശരിയായ ദിശയില്‍ ഒരു ചെറുചുവട് വെക്കുക. അടുത്ത ചുവടുകള്‍ വെക്കാന്‍ ആദ്യചുവട് ശക്തി പകരും.

2. എനിക്ക് ആവശ്യമായ ബന്ധങ്ങളും പരിചയവുമില്ല: ബിസിനസ് തുടങ്ങാന്‍ നിങ്ങള്‍ക്ക് കണക്ഷനുകളുടെ ആവശ്യമില്ല. അഥവാ ബിസിനസ് തുടങ്ങിക്കഴിഞ്ഞാല്‍ ആവശ്യമായ കണക്ഷനുകള്‍ താനേ വന്നു തുടങ്ങും. പല ബിസിനസുകാര്‍ക്കും മുന്‍കാല പ്രവര്‍ത്തിപരിചയവും ഉണ്ടായിട്ടില്ല. ഇതാണതിന്റെ രഹസ്യം: ബിസിനസ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാന്‍ പഠിക്കാം.
ഇന്നത്തെ സുപരിചതമായ ബ്രാന്‍ഡുകളുടെ ഉടമകള്‍ക്കും അവരുടെ ആരംഭ കാലത്ത്് ഇപ്പോഴവര്‍ക്ക്് അറിയാവുന്ന കാര്യങ്ങളെല്ലാം അറിയുമായിരുന്നില്ല. അങ്ങനെ പോകെ നിങ്ങള്‍ അറിയും. മിക്കവാറും നിങ്ങളുടെ അബദ്ധങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും. ഒരു കാര്യം അറിയില്ലെങ്കില്‍ അതറിയുന്നവരില്‍ നിന്ന് പഠിക്കുക. ആവശ്യമുള്ളപ്പോള്‍ ആരോടും സഹായമഭ്യര്‍ത്ഥിക്കാന്‍ മടിക്കരുത്. കണ്‍സള്‍ട്ടന്റുമാര്‍ക്ക് പണം കൊടുത്ത് കാര്യങ്ങള്‍ പഠിക്കാം. അല്ലെങ്കില്‍ കോഴ്‌സുകള്‍ക്ക് ചേരാം. എന്നിട്ടും നിങ്ങള്‍ക്ക് ഇനിയും പഠിക്കാനുണ്ടെന്നാണ് തോന്നുന്നതെങ്കില്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി ജോലി ചെയ്ത് പഠിക്കുക.

3. എനിക്ക് വേണ്ടത്ര സമയമില്ല: ഇതുപൊലൊരു എക്‌സ്‌ക്യൂസ് പോലെ ദേഷ്യം പിടിപ്പിക്കുന്ന മറ്റൊന്നില്ല. ആവശ്യമുണ്ടെങ്കില്‍ സമയം ഉണ്ടാകും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യുകയാണെന്നാണ് നിങ്ങള്‍ കരുതുന്നത്? അവര്‍ ടിവി ഉപേക്ഷിച്ചിട്ടുള്ളവരാകും. ക്രിക്കറ്റും റിയാലിറ്റി ഷോയും അവര്‍ കാണാറുണ്ടാവില്ല. സോഷ്യലൈസിംഗും അവര്‍ കുറച്ചിട്ടുണ്ടാവും. മദ്യത്തോടൊപ്പം അവര്‍ വളരെ കുറച്ച് സമയമേ ചെലവിടുകയുള്ളു. സാധാരണ ജോലിസമയമല്ലാത്ത സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. രാവിലെ 5 മുതല്‍ 8 വരെയും രാത്രി 9 മുതല്‍ 2 വരെയും എന്താണ് നിങ്ങള്‍ ചെയ്യുന്നത്. ഉറക്കം? പത്രം വായന? ടിവി കാണല്‍? ത്യജിക്കാനായ് ഇതിലേതെങ്കിലും തെരഞ്ഞെടുക്കുക. അങ്ങനെ നിങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക. 

4. അടുത്തതായി എന്തു ചെയ്യണമെന്ന് എനിക്ക് ഉറപ്പില്ല: ബിസിനസില്‍ വിജയിച്ച മിക്കവാറും എല്ലാവരും ഈയൊരവസ്ഥയിലൂടെ കടന്നുപോയ്ക്കാണും. ഒരു സംരഭകന്റെ വേര്‍പിരിയാത്ത കൂട്ടുകാരനാണ് അനിശ്ചിതത്വം. അത് നിങ്ങളുടെ ഭാവനയെ ഉണര്‍ത്തും, ഊഹാപോഹങ്ങളില്‍ നിര്‍ത്തും, ഭാവിയില്‍ ആവേശമുള്ളവരാക്കും.
വ്യക്തമായ ഒരാശയം ഇല്ലാതെ തന്നെ സൃഷ്ടിക്കപ്പെട്ട വലിയ കമ്പനികളുണ്ട്. എച്ച്പിയുടെ സ്ഥാപകരായ ബില്‍ ഹ്യൂലെറ്റും ഡേവ് പക്കാഡും ആദ്യം തീരുമാനിച്ചത് ഒരു കമ്പനി തുടങ്ങാമെന്നാണ്.

പിന്നെയാണ് എന്തു ചെയ്യാമെന്ന് ആലോചിച്ചത്. അവരങ്ങോട്ട് തുടങ്ങി. എച്ച്പിയുടെ സഹസ്ഥാപകനായ ബില്‍ ഹ്യൂലെറ്റ് പറയുന്നത് കേള്‍ക്കുക: 'ബിസിനസ് സ്‌കൂളുകളില്‍പ്പോയി സംസാരിക്കുമ്പോഴൊക്കെ ഒരു ആശയവുമില്ലാതയാണ് ഞങ്ങള്‍ ബിസിനസ് ആരംഭിച്ചതെന്നും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍ എന്നും പറയുമ്പോള്‍ അവിടങ്ങളിലെ മാനേജ്‌മെന്റ് പ്രൊഫസര്‍മാര്‍ ആകെ തകര്‍ന്നു പോകാറുണ്ട്. ചില്ലറയെന്തെങ്കിലും ഉണ്ടാക്കുന്ന ഒന്നും ഞങ്ങള്‍ ചെയ്തില്ല. ബൗളിംഗ് കളിയിലെ ഫൗള്‍ ലൈന്‍ അറിയിക്കുന്ന ഒരു ഇന്‍ഡിക്കേറ്റര്‍, ടെലിസ്‌കോപ്പിലുപയോഗിക്കുന്ന ഒരു ക്ലോക്ക് ഡ്രൈവ്, യൂറിനലിലെ ഫ്‌ളഷ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനം, ശരീരഭാരം കുറയ്ക്കാനുപയോഗിക്കുന്ന ഷോക്ക് മെഷീന്‍... ഇത്രയുമായിരുന്നു കയ്യിലുണ്ടായിരുന്നത്. പിന്നെ ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന എന്തും ചെയ്യാനുള്ള സന്നദ്ധതയും 500 ഡോളറിന്റെ കാപ്പിറ്റലും. അവരുടെ ബൗളിംഗ് ഫൗള്‍ ലൈന്‍ ഇന്‍ഡിക്കേറ്റര്‍ വിപണിയില്‍ വിജയിച്ചില്ല. ഫഌഷിന്റെയും ഷോക്ക് മെഷീന്റെയും കഥകളും തഥൈവ. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയ്ക്ക് ഓസിലോസ്‌കോപ്പുകള്‍ വില്‍ക്കും വരെ അവരുടെ കമ്പനി താഴെ വീണുകൊണ്ടിരുന്നു. എന്നിട്ടും കേന്ദ്രീകൃത ശ്രദ്ധയില്ലാത്ത എച്ച്പിയുടെ ശീലം നിലനിന്നു. ഒടുവില്‍ 1940-കളില്‍ യുദ്ധക്കരാറുകള്‍ കിട്ടിയതാണ് കമ്പനിയെ രക്ഷപ്പെടുത്തിയത്.
സവിശേഷമായ ഒരു ലക്ഷ്യവുമില്ലാതെ തുടങ്ങിയ മറ്റൊരു കമ്പനിയാണ് സോണി. 1945ല്‍ സോണി സ്ഥാപിക്കുമ്പോള്‍ മസാരു ഇബുകയ്ക്ക്് ഒരു ഉല്‍പ്പന്നവും മനസിലുണ്ടായിരുന്നില്ല. അധികം വൈകാതെ സോണിയില്‍ ചേര്‍ന്ന അകിയൊ മൊറിറ്റ എഴുതുന്നു: ചെറിയ സംഘം യോഗം ചേര്‍ന്നു. ആഴ്ചകളോളം അവര്‍ ചര്‍ച്ച ചെയ്തത് എന്ത് ബിസിനസ് ചെയ്താലാണ് നിലനില്‍ക്കാനുള്ള പണമുണ്ടാക്കാനാവുക എന്നാണ്. മധുരിക്കുന്ന ബീന്‍ പേസ്റ്റും ഗോള്‍ഫ് കളിക്കുന്ന ഉപകരണങ്ങളുടെ മിനിയേച്ചറുമൊക്കെ ഉണ്ടാക്കിയാലോ എന്നാണ് അവര്‍ ആദ്യം ആലോചിച്ചത് സോണിയുടെ ആദ്യ ഉല്‍പ്പന്നമായ റൈസ് കുക്കര്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. തുടര്‍ന്നുവന്ന പ്രധാന ഉല്‍പ്പന്നമായ ടേപ്പ് റെക്കോര്‍ഡര്‍ വിപണിയില്‍ പരാജയപ്പെടുകയും ചെയ്തു. ഓഡിയോ, റേഡിയോ മേഖലകളില്‍ വഴിത്തിരിവുണ്ടാകുന്നതുവരെ ആദ്യകാലങ്ങളില്‍ ഹീറ്റിംഗ് പാഡുകള്‍ വിറ്റാണ് സോണി നിലനിന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ പല വലിയ സംരംഭങ്ങളും ചെറുതായി ആരംഭിക്കുന്നു, കാലത്തിനൊപ്പിച്ച് പരിണാമങ്ങള്‍ക്ക് വിധേയമാവുന്നു, മഹത്തായ ആശയങ്ങളാല്‍ വന്‍വളര്‍ച്ചയ്ക്ക് വിധേയമാകുന്നു. നിങ്ങളില്‍ ചിലര്‍ക്ക് മഹത്തായ ഐഡിയകള്‍ ഉണ്ടായേക്കാം, ചിലര്‍ക്ക് മഹത്തായ ഐഡിയകള്‍ ഇല്ലാതിരിക്കാം. ലോകത്തിലെ മിക്കവാറും എല്ലാ കമ്പനികളേയും പറ്റി പഠിച്ച ജിം കോളിന്‍സ് പറയുന്നത് മഹത്തായ ഐഡിയയ്ക്കു വേണ്ടി കാത്തിരിക്കുന്നത് ഒരു മോശം ഐഡിയ ആണെന്നാണ്. പോകാനുള്ള വഴി മുഴുവനും അറിഞ്ഞിരിക്കണമെന്നില്ല. ആദ്യ ചുവട് നല്ല വിശ്വാസത്തില്‍ വെക്കുക. ഗോവണിയുടെ എല്ലാ ചവിട്ടുപടികളും കാണേണ്ടതില്ല.

5. എനിക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല: എനിക്കറിയാവുന്ന ഭൂരിപക്ഷം ബിസിനസ് ഉടമകള്‍ക്കും സര്‍വകലാശാലാ ബിരുദങ്ങളില്ല. അല്ലെങ്കില്‍ ബിസിനസില്‍ ഒഴികെ മറ്റൊരു ബിരുദവുമില്ല. മിക്കവാറും പേര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസമേയുള്ളു. വിവരങ്ങള്‍ ശേഖരിക്കുന്നതാണ് അവരുടെ വിദ്യാഭ്യാസം. അവനവന്‍ തന്നെയാണ് അവരുടെ അധ്യാപകര്‍. പിന്നെ ബിസിനസില്‍ വിജയിച്ച മറ്റുള്ളവരും. അരിസ്റ്റോട്ടില്‍ പറഞ്ഞ പോലെ നമുക്ക് പഠിക്കാനുള്ളത് ചെയ്തികളിലൂടെയാണ് നമ്മള്‍ പഠിക്കുന്നത്. ബിസിനസ് ആരംഭിക്കാന്‍ വിദ്യാഭ്യാസം ആവശ്യമില്ലെന്ന് സ്‌കൂളുകളില്‍ നിന്നും കോളെജുകളില്‍നിന്നും ഡ്രോപ്പൗട്ട് ചെയ്തിട്ടുള്ള നിരവധി പേര്‍ തെളിയിച്ചിരിക്കുന്നു.

 ബിസിനസ് എന്നു പറയുന്നത് സാമാന്യബോധമാണ്. ഒരു രൂപയ്ക്ക് ഒരു സാധനം വാങ്ങി 2 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ലാഭം കിട്ടുന്നു. അത് മനസിലാക്കിയാല്‍ ഒരു സംരംഭകന് വേണ്ടത് നിങ്ങള്‍ക്കറിയാം. സംരംഭകര്‍ പല പശ്ചാത്തലങ്ങളില്‍ നിന്നും പല വലുപ്പങ്ങളിലും വരും. ചിലര്‍ക്ക് മികച്ച മല്‍സരക്ഷമതയായിരിക്കും, ചിലര്‍ കഠിനാധ്വാനികളായിരിക്കും, ചിലര്‍ റിസ്‌ക്കെടുക്കുന്നതില്‍ മിടുക്കരായിരിക്കും, ചിലര്‍ സര്‍ഗധനരായിരിക്കും, ചിലര്‍ ദൂരക്കാഴ്ചയുള്ളവരായിരിക്കും, ചിലര്‍ അവസരവാദികളായിരിക്കും, ചിലര്‍ക്ക് പഠിപ്പുണ്ടാവില്ല, ചിലര്‍ പിഎച്ച്ഡിക്കാരായിരിക്കും. ചിലര്‍ക്ക് നല്ല ബിസിനസ് പശ്ചാത്തലമുണ്ടാകും. ചിലര്‍ക്ക് ഒരു പശ്ചാത്തലവുമുണ്ടാകില്ല. എല്ലാവരെയും രണ്ടായി വിഭജിക്കാം. മറ്റാര്‍ക്കെങ്കിലും വേണ്ടിയോ അവരുടെ കീഴിലോ ജോലി ചെയ്യാന്‍ മാനസികമായി തയാറല്ലാത്തവരാണ് ഒരു കൂട്ടര്‍. ലോകത്തിന് മൂല്യപരമായി എന്തെങ്കിലും സംഭാവന ചെയ്യാനാഗ്രഹിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. വന്‍തോതില്‍ പ്രതിഫലം ലഭിക്കുന്ന ഒരു ഘടന നിര്‍മിക്കുകയാണ് അവരുടെ ലക്ഷ്യം.

6) എനിക്ക് ബിസിനസ് പശ്ചാത്തലമില്ല: നിങ്ങളുടെ പിതാവോ അപ്പൂപ്പനോ ഒരു ബിസിനസുകാരനല്ലെങ്കില്‍ എന്തു കുഴപ്പം? നിങ്ങളുടെ ജീനുകളില്‍ സംരംഭകത്വം ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ബിസിനസ് ബോധമുണ്ടോ, അതു തന്നെ ധാരാളം. പിന്‍കാല പശ്ചാത്തലത്തേക്കാള്‍ വേണ്ടത് മുന്‍കാലബോധമാണ്. സംരംഭകത്വത്തിന്റെ ആവേശവും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള തീവ്രമായ ആഗ്രഹവുമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കുക, ഒരു വലിയ ബിസിനസ് ഐഡിയ ഇപ്പോള്‍ നിങ്ങള്‍ക്കില്ലെങ്കില്‍പ്പോലും. ഒരു വലിയ സ്ഥാപനം പടുത്തുയര്‍ത്താനായിരിക്കണം നിങ്ങളുടെ ശ്രദ്ധ മുഴുവന്‍. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന, ഉപഭോക്താക്കള്‍ സ്‌നേഹിക്കുന്ന ഒരു കമ്പനി, മല്‍സരങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു കമ്പനി, വെല്ലുവിളികളെ അതിജീവിച്ച് ശക്തമായി നിലനില്‍ക്കുന്ന ഒരു കമ്പനി. അപ്പോള്‍ വലിയ ആശയങ്ങള്‍ നിങ്ങളുടെ വഴിക്ക് താനേ വന്നു തുടങ്ങും.

കേരളത്തിലെ സംരംഭകരേ, ഉണരൂ. വലിയൊരു സ്ഥാപനം പടുത്തുയര്‍ത്താന്‍ തീരുമാനമെടുക്കൂ. മൂല്യങ്ങളുടെ സ്രഷ്ടാക്കളാകൂ. ബിസിനസിനെ അതിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സഹായിച്ചാല്‍ നിങ്ങളാഗ്രഹിക്കുന്നതെന്തും നേടിത്തരാന്‍ നിങ്ങളുടെ ബിസിനസ് സഹായിക്കും. നിങ്ങളുടെ പ്രതിബ ദ്ധത മതി നിങ്ങളുടെ ബിസിനസിനോട് നിങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍.
സൂപ്പര്‍ ആത്മവിശ്വാസവുമായിട്ടായിരിക്കും പലപ്പോഴും ബിസിനസ് ആരംഭിക്കുക. ആരംഭിച്ച് വൈകാതെ തന്നെ അതിന് കോട്ടം തട്ടിയെന്നു വരാം.
തീരെ പ്രതീക്ഷിക്കാത്തപ്പോഴാകും പലതും പ്രത്യക്ഷപ്പെടുക. മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസത്തില്‍ അവ കുറവുണ്ടാക്കും. അതിനാല്‍ ബിസിനസ് യാത്രയ്ക്കു മുമ്പ് നിങ്ങളെ സത്യസന്ധമായി വിലയിരുത്തേണ്ടത് നിര്‍ബന്ധമാണ്.


കടപ്പാട്
http://www.dhanammagazine.com/php/currentIssueDetails.php?id=1877&edition=179

Friday, February 10, 2012

വിവാഹാശംസകൾ

പി സലിലിനും അനുപമയ്ക്കും വിവാഹാശംസകൾ

കമ്മ്യൂണിയൻ സുഹ്ര്യത്തുക്കൾ

Free Web Services

ഞങ്ങൾ അതിശയിക്കുകയാണ്! എന്തുകൊണ്ടാണ് internet സാക്ഷരതയുള്ള ചെറുസ്ഥാപനങ്ങൾ സൌജന്യമായി ലഭിക്കുന്ന (Google Places, Google Sites, YouTube...) സങ്കേതങ്ങൾ ഉപയോഗിക്കുവാൻ മടി കാണിക്കുന്നത്.

നിങ്ങളുടെ ആഭിപ്രായങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു.
Google  Moderator ചർച്ചയിൽ പങ്കാളിയാവുമല്ലോ...
http://www.google.com/moderator/#15/e=1e6ddc&t=1e6ddc.40